തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് . കെപിസിസി വക്താക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകാരനെ മാത്രം ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നുവെന്നും അതിനാല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു വിശദീകരണം.
മോണ്‍സന്‍ മാവുങ്കല്‍ വിവാദത്തില്‍ കെ സുധാകരനെതിരെയും ആരോപണമുയര്‍ന്നിരുന്നു. ഇടപാടില്‍ പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍ ഇത് തള്ളിയ സുധാകരന്‍, തനിക്ക് മോന്‍സനെ പരിചയമുണ്ടെങ്കിലും പരാതിക്കാര്‍ ഉന്നയിക്കുന്ന ഇടപാടുകളിലോ മറ്റ് കാര്യങ്ങളിലോ പങ്കില്ലെന്ന നിലപാടിലാണ്.
തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കില്‍ മോന്‍സണിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഉയരുന്നത് പോലെ മോന്‍സണിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. കണ്ണിന്റെ പ്രശ്‌നത്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്നും ചികിത്സയ്ക്ക് പോയപ്പോള്‍ അനൂപിനെ കണ്ടിട്ടുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സുധാകരനെതിരായ ആരോപണം എല്‍ഡിഎഫും ആയുധമാക്കുന്നു.സുധാകരന്റെ വിശദീകരണമെല്ലാം തള്ളിയ എല്‍ഡിഎഫ് കൂടുതല്‍ ബന്ധമുണ്ടെങ്കില്‍ അതും പുറത്തുവരട്ടെ എന്ന നിലപാടിലാണ്.