മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്ക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഈ മാസം 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടിസ്. ഇന്ന് വരാന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം. പരാതിക്കാര്‍ നാളെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ കൈമാറും. മുന്‍ നിശ്ചയിച്ച പാര്‍ട്ടി പരിപാടികള്‍ ഉള്‍പ്പെടെ ഉള്ളതിനാല്‍ ഇന്ന് ഹാജരാകാനാകില്ലെന്നു അഭിഭാഷകന്‍ മുഖേന സുധാകരന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത് പരിഗണിച്ചാണ് പുതിയ തിയതി നല്‍കിയത്.
അതേസമയം, സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നു.
മോന്‍സന്റെ മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചത്. 2018 നവംബര്‍ 22നാണ് അനൂപ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്. 25 ലക്ഷം രൂപയും സുധാകരന് നല്‍കാനായിരുന്നുവെന്നും ഇതില്‍ 15 ലക്ഷം മോന്‍സന്‍ കൈവശപ്പെടുത്തിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
സുധാകരന്റെ വാദങ്ങള്‍ പൊളിക്കുന്ന ഈ കൂടികാഴ്ചയുടെ ചിത്രങ്ങള്‍ അടക്കം അന്വേഷണ സംഘം വീണ്ടെടുത്തു. സുധാകരനെ ചോദ്യം ചെയ്ത ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. പണമിടപാടുമായി ബന്ധപ്പെട്ട പരാതികാര്‍ പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്ന ആരോപണവുമായി മോന്‍സന്റെ അഭിഭാഷകന്‍ രംഗത്തെത്തി. ഇഡി അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മോന്‍സന്റെ നീക്കം. മോന്‍സണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോന്‍സന്റെ ജീവനക്കാരുടെ മൊഴി ഇഡി രേഖപെടുത്തി.