കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ തട്ടിച്ച മോന്‍സന്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കണ്ട് ഞെട്ടി ക്രൈം ബ്രാഞ്ച്. ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രം, അതില്‍ വെറും 176 രൂപയും.
മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. അതിനാല്‍ തന്നെ, മോന്‍സന്റെ ഭൂമി ഇടപാടുകളും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.
തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള സമയത്ത് കാര്യമായ ഇടപാടുകള്‍ ഒന്നും നടക്കാത്തതിനാല്‍ ഇയാള്‍ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.
ഇയാളുടെ കൂടെയുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപ പ്രതിമാസം വാടകയുള്ള വീട്ടിലായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. അത്തരത്തില്‍ സാമ്പത്തികമായി തീര്‍ത്തും ദുര്‍ബലനായ അവസ്ഥയിലാണ് മോന്‍സണ്‍ ഇപ്പോഴുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇപ്പോഴത്തെ പരാതിക്കാര്‍ ആറ് മാസത്തോളമായി മോന്‍സണെ പിന്തുടര്‍ന്നും കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് മകളുടെ കല്യാണം പോലും നടത്താന്‍ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോന്‍സണ്‍ എത്തിയതെന്നാണ് വിവരം.
മാത്രമല്ല, പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോന്‍സണ്‍ ഇന്നേവരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇയാള്‍ക്ക് പാസ്പോര്‍ട്ട് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്.
മോന്‍സന്റെ ചേര്‍ത്തലയിലെ വീട്ടില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.