മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താന്‍ നേരിട്ടാണെന്നും പ്രവാസി വ്യവസായി അനിതാ പുല്ലയിലാണ് ബഹ്‌റയെ പരിചയപ്പെടുത്തിയതെന്നും പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഈ ‘നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മ്യൂസിയത്തിലെ തെളിവെടുപ്പിനിടെയാണ് മോന്‍സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ സുജിത്ദാസിന്റെ കല്ല്യാണത്തിന്റെ തലേദിവസമാണ് ബെഹ്റയെ ക്ഷണിച്ചതെന്നും മ്യൂസിയത്തിലേക്ക് വന്നപ്പോള്‍ അദ്ദേഹം എ.ഡി.ജി.പി മനോജ് എബ്രഹാമിനേയും കൂടെ കൂട്ടിയതാണെന്നും മോന്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനോജ് എബ്രഹാമുമായി തനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലന്നും അദ്ദേഹത്തെ കൊണ്ട് വാളെടുപ്പിച്ചത് ഡി.ജി.പി തന്നെയാണെന്നുമാണ് മോന്‍സന്റെ മൊഴി. ഇരുവരും മ്യൂസിയത്തില്‍ വന്ന ഫോട്ടോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇട്ടത് താനല്ലെന്നും തന്റെ ഡ്രൈവര്‍ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും മോന്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആവശ്യമെങ്കില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസിന് പരിശോധിക്കാമെന്നും മോന്‍സണ്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നില്‍ മോന്‍സന്‍ തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
മനോജ് എബ്രഹാമിനെ എത്തിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ഡി.ജി.പി വഴി നടത്തിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിന് അടിസ്ഥാനമായ ചില തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. മറ്റു ചില ഐ.പി.എസ് ഉദ്യോഗസ്ഥരുമായി അടുക്കാനും ഡി.ജി.പിയെ മോന്‍സന്‍ മറയാക്കിയിട്ടുണ്ട്. എന്നാല്‍ ഐ.ജി ലക്ഷ്മണ ഡി.ഐ.ജി സുരേന്ദ്രന്‍ എന്നിവരൊഴികെ മറ്റാരും തന്നെ ഈ കുഴിയില്‍ വീണിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.
വി.ഐ.പികളെ പുരാവസ്തു കാണാന്‍ കൊണ്ട് വന്ന് അതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് മോന്‍സന്‍ പിന്തുടരുന്ന തട്ടിപ്പ് രീതിയാണ്. അറിഞ്ഞും അറിയാതെയും മോഹന്‍ലാല്‍ ഉള്‍പ്പെടെ ഈ വെട്ടില്‍ വീണ നിരവധി പേരുണ്ട്. അവരില്‍ പലരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് തങ്ങള്‍ക്ക് പറ്റിയ അബദ്ധവും തുറന്നു പറഞ്ഞിട്ടുണ്ട്. ഡി.ജി.പി ലോകനാഥ് ബഹ്‌റയുമായി മോന്‍സ് പുലര്‍ത്തിയ അടുപ്പം ഏതൊക്കെ രൂപത്തിലായിരുന്നു എന്നതും അന്വേഷണത്തിലാണുള്ളത്.
ഇതു സംബന്ധമായി അന്വേഷണം നടത്തുന്നവരില്‍ സംസ്ഥാന ഇന്റലിജന്‍സ് മാത്രമല്ല കേന്ദ്ര ഇന്റലിജന്‍സും ഉണ്ട്. അതേസമയം ബഹറക്കൊപ്പം മനോജ് എബ്രഹാം പോകാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്നത് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരും ഇതിനകം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഡി.ജി.പി വിളിച്ചു കൊണ്ടു പോയതാണെന്നാണ് വെളിപ്പെടുത്തല്‍ ഈ നിലപാട് ബഹ്‌റക്ക് വലിയ തിരിച്ചടിയാണ്.
ഇതുപോലെ വേറെയും ചില ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.പി വെട്ടിലാക്കിയിട്ടുണ്ടെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇക്കാര്യവും ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്. ലോക്കല്‍ പൊലീസ് അന്വേഷിക്കേണ്ട നിരവധി കേസുകളാണ് ഡി.ജി.പി ബഹ്‌റ ഇടപെട്ട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നത്. ഇതിനു പിന്നില്‍ മറ്റെന്തെങ്കിലും അജണ്ട ഉണ്ടായിരുന്നോ എന്നതും സംശയിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
EXPRESS KERALA VIEW