വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ്; ഐജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : മോന്‍സൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി.ലക്ഷ്മണിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഗുരുതരമായ പെരുമാറ്റദൂഷ്യം നടത്തിയ ഐജിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡിജിപി ആഭ്യന്തരവകുപ്പിനോട് ശുപാർശ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ ലക്ഷ്മണിനെ ജാമ്യത്തിൽ വിട്ടിരുന്നു. കേസിലെ നാലാം പ്രതിയാണ് ലക്ഷ്മൺ.

ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കാലത്താണ് മോൻസനുമായി ലക്ഷ്മൺ സൗഹൃദത്തിലാകുന്നത്. മോന്‍സന്‍ നടത്തിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ലക്ഷ്മൺ നേരിട്ടു പങ്കാളിയായതോടെയാണ് കേസിൽ പ്രതിയായത്. യാക്കൂബ് പുറായിൽ, എം.ടി.ഷമീർ, സിദ്ദീഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, ഷാനിമോൻ എന്നിവര്‍ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടിരൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചതായി മോൻസൻ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിൻവലിക്കാനുള്ള തടസ്സം മാറ്റാനായി പലപ്പോഴായി 10 കോടിരൂപ വാങ്ങിയെന്നാണ് പരാതി.

ലക്ഷ്മണിന് തട്ടിപ്പിൽ പങ്കുള്ളതിനു തെളിവായി 2 വിഡിയോകളും പരാതിക്കാർ ഹാജരാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പു കേസിൽ മോൻസൻ ഒന്നാം പ്രതിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രണ്ടാം പ്രതിയുമാണ്. മോൻസന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് 2021 നവംബറിൽ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തിരുന്നു. മോൻസന് ഐജി വഴിവിട്ട സഹായങ്ങൾ നൽകിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിൽ തിരിച്ചെടുത്തു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ തെലങ്കാന സ്വദേശിയാണ്. നിലവിൽ പരിശീലനത്തിന്റെ ചുമതലയുള്ള ഐജിയാണ്. കേസിൽ ഉൾപ്പെട്ടതിനാൽ എഡിജിപിയായി സ്ഥാനക്കയറ്റം നൽകിയിരുന്നില്ല.

Top