ചീട്ടുകൊട്ടാരം പോലെ മൊഴികള്‍ ! കളവു പറഞ്ഞ് പൊലീസിനെയും പന്തുതട്ടി മോന്‍സന്‍

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ വ്യാജരേഖ കേസില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. മോന്‍സന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഡിആര്‍ഡിഒ കേസില്‍ ക്രൈംബ്രാഞ്ച് മോന്‍സനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്ന് ചില കാര്യങ്ങള്‍ മോന്‍സന്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊഴിയിലെ പല കാര്യങ്ങളും കളവാണെന്ന് തെളിഞ്ഞത്. വ്യാജരേഖ നിര്‍മാണത്തിനുപയോഗിച്ച കമ്പ്യൂട്ടര്‍ അടക്കമുള്ളവ നശിപ്പിച്ചതിന് തെളിവുനശിപ്പിക്കല്‍ ചുമത്തിയും ക്രൈംബ്രാഞ്ച് കേസെടുത്തു.

റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം കൈവശമുണ്ടെന്ന് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയാണ് മോന്‍സന്‍ മാവുങ്കല്‍ കൃത്രിമമായി ഉണ്ടാക്കിയത്. രേഖയുണ്ടാക്കാന്‍ മോന്‍സനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. ഈ രാസപദാര്‍ത്ഥവും കമ്പ്യൂട്ടറിനൊപ്പം മോന്‍സണ്‍ നശിപ്പിച്ചു.

അതേസമയം, പോക്സോ കേസില്‍ മോന്‍സനെ കസ്റ്റഡിയിലെടുക്കാന്‍ കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും.

Top