തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ സംഘടിപ്പിച്ചത് 15 വ്യാജ ഡോക്ടറേറ്റുകള്‍. മോന്‍സനു വ്യാജ ഡോക്ടറേറ്റ് നിര്‍മിച്ചു നല്‍കിയ വ്യക്തി സംസ്ഥാനത്തെ 2 ഉന്നത ഐപിഎസുകാര്‍ക്കും ഇതേ വ്യാജ ഡോക്ടറേറ്റ് സമ്മാനിച്ചതായി സൂചന ലഭിച്ചെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് വിശദ അന്വേഷണം തുടങ്ങി.
വ്യാജ ഡോക്ടറേറ്റ് നിര്‍മിച്ചു നല്‍കിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. വിദേശ സര്‍വകലാശാലകളിലെയും രാജ്യത്തിനകത്തെ സര്‍വകലാശാലകളിലെയും ഡോക്ടറേറ്റുകളാണു വ്യാജമായി ചമച്ചത്. ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണു 2 ഐപിഎസുകാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നു മനസ്സിലാകുന്നത്. അതില്‍ ഒരാള്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.
മോന്‍സന്‍ ബിരുദധാരി പോലുമല്ലെന്നാണു പൊലീസ് പറയുന്നത്. എങ്കിലും തുനീസിയയില്‍ നിന്നും ബ്രസീലില്‍ നിന്നുമുള്ള ഡോക്ടറേറ്റും സര്‍ട്ടിഫിക്കറ്റുകളും രാജ്യാന്തര സംഘടനകളുടെ പേരിലുള്ള അംഗീകാരങ്ങളും പൊലീസ് കണ്ടെത്തി. വേള്‍ഡ് ലിറ്റററി ഫോറം ഫോര്‍ പീസ് ആന്‍ഡ് ഹ്യൂമന്റൈറ്റ്‌സ് എന്ന സംഘടനയുടെ ‘രാജ്യാന്തര സമാധാന സ്ഥാനപതി’ പട്ടവും സ്വന്തമാക്കിയിരുന്നു.