കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കല്‍ രണ്ട് സിനിമാ നടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ട്. വിവാഹത്തിന് പുറമേ കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും ന്യൂ ഇയര്‍ ആഘോഷങ്ങളും മോണ്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാതാരങ്ങളും പോലീസ് ഉന്നതരും എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂര്‍ത്തടിക്കുന്നതും ആര്‍ഭാടജീവിതം നയിക്കുന്നതുമായിരുന്നു മോണ്‍സന്റെ രീതി. ആഘോഷ പരിപാടികള്‍ക്കായി മോണ്‍സന്‍ ചെലവാക്കിയത് ലക്ഷങ്ങളാണ്. വജ്രവ്യാപാരി, വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോണ്‍സന്‍ മാവുങ്കലിനെ കൂടെയുള്ളവര്‍ അവതരിപ്പിച്ചിരുന്നത്.
എന്നാല്‍, മോണ്‍സന്‍ കേരളത്തില്‍ ഭൂമിയില്‍ നിക്ഷേപം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാള്‍ക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്.
നേരത്തെ. മോന്‍സന്‍ മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് വസ്തുക്കള്‍ പിടിച്ചെടുത്തത്. ശില്‍പ്പി സുരേഷ് മോന്‍സന് നിര്‍മ്മിച്ച് നല്‍കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി. പുലര്‍ച്ചയോടെ ആണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. തിരുവനന്തപുരം സ്വദേശിയായ ശില്‍പ്പി സുരേഷിന്റെ പരാതിയിലാണ് നടപടി. ശില്‍പങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ വകയില്‍ പണം നല്‍കാതെ വഞ്ചിച്ചുവെന്നായിരുന്നു പരാതി.
അതേസമയം, മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മോന്‍സണെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കാരം ടി.വി കേസ്, ശില്‍പി സുരേഷിന്റെ കേസ് എന്നിവയിലാണ് കസ്റ്റഡി ആവശ്യം.