തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കാറ്റിന്റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു.
വടക്കന്‍ കേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ പല നദികളും കരകവിഞ്ഞൊഴുകി. റെഡ് അലര്‍ട്ടുളള വയനാട്ടില്‍ മഴ ശക്തമാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മലയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയില്‍ 390 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഉരുള്‍പൊട്ടല്‍ വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആകെ 807 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. നിയന്ത്രിത മേഖലകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലില്‍ 12 പേര്‍ മരിച്ച മേപ്പാടി പുതുമല മേഖലയിലും കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി അധികവെള്ളം തുറന്ന് വിടാന്‍ തുടങ്ങി.
കോഴിക്കോട് ജില്ലയിലും ഇപ്പോള്‍ മഴ ശക്തമായി തുടരുകയാണ്. ഇരുവഞ്ഞിപ്പുഴയും ചാലിയാര്‍ പുഴയും കരകവിഞ്ഞൊഴുകുന്നതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള വീടുകളില്‍ നിന്നും ആളുകളെ മാറ്റി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
നിലമ്പൂര്‍ മേഖലയിലെ കനത്തമഴയില്‍ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. പാലം പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്.
പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാര്‍ പുഴകള്‍ പലയിടത്തും കരകവിഞ്ഞൊഴുകുന്നു. നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. മുപ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. മലപ്പുറത്ത് കരിമ്പുഴയും നിറകയാണ്. കരുളായി നെടുങ്കയം കോളനി നിവാസികളെ പുള്ളിയില്‍ സ്‌കൂളിലേക്ക് മാറ്റി. നിലമ്പൂര്‍ ജനതപടിയില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറി. കോഴിക്കോട്-നിലമ്പൂര്‍ – ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.
എറണാകുളം ജില്ലയിലെ പുഴകളില്‍ ജലനിരപ്പ് ഉയരുന്നു. കാളിയാര്‍, തൊടുപുഴയാര്‍, കോതമംഗലം പുഴ എന്നീ നദികളിലാണ് ജലനിരപ്പ് ഉയരുന്നത്. പ്രളയ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ജലനിരപ്പിന് അടുത്തെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും പുഴക്കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കും.
കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജല കമ്മീഷന്റെ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നല്‍കി. കേരള , മാഹി, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളില്‍ സാധാരണ നില മുതല്‍ അതിതീവ്ര നിലയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തീരദേശ കര്‍ണാടക എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം അതിതീവ്രമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കനത്ത മഴയില്‍ നദികളില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.