കാലവര്‍ഷം ഇത്തവണ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: കാലവര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

രാജ്യത്ത് 98 ശതമാനം മഴ ഇത്തവണ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. എല്‍നിനൊ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞതാണ് ഇന്ത്യയ്ക്ക് ഗുണമാകുന്നത്.

ജൂലൈയോടെ 96 ശതമാനവും മഴ പെയ്യും. ഓഗസ്റ്റാകുന്നതോടെ രാജ്യത്ത് 98 ശതമാനം മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ക ജെ രമേഷ് പറയുന്നു. ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്ന കനത്ത ചൂടിന് രണ്ടുദിവസത്തിനുള്ളില്‍ കുറവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക മധ്യ ഇന്ത്യയിലാണ്, 100 ശതമാനം. ദക്ഷിണേന്ത്യയില്‍ 99 ശതമാനവും മഴ ലഭിക്കും.

അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും സാധാരണയിലും കുറവ് മഴയെ ലഭിക്കൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവചനപ്രകാരം സാധാരണയിലും കുറവ് മഴയെ ലഭിക്കൂ. 96 ശതമാനത്തിലും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളാകും ഇവിടം.

Top