കേരളത്തിൽ കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 2015ല്‍ ഒഴികെ എല്ലാ വര്‍ഷവും കാലവര്‍ഷ പ്രവചനം ശരിയായിരുന്നു. നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്ന് മുതല്‍ ശക്തി പ്രാപിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

കാലവര്‍ഷം എത്താനിരിക്കെ അണക്കെട്ടുകളില്‍ മുന്നോരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂഴിയാര്‍ അണക്കെട്ടില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ ജലനിരപ്പ് അണക്കെട്ടുകളില്‍ രേഖപ്പെടുത്തിയെങ്കിലും പവര്‍ ഹൗസുകളില്‍ പൂര്‍ണ തോതിലാണ് വൈദ്യുത ഉത്പാദനം.

കൃത്യമായ ഇടവേളകളില്‍ ഡാം സേഫ്റ്റി അതോറിറ്റി കേന്ദ്ര ജല കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 2018ന് സമാന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബിയും ഇറിഗേഷന്‍ വകുപ്പും.

 

Top