തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയിട്ട് ഒരു മാസം; രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണപരാജയം

ഷില്ലോങ് : മേഘാലയ അനധികൃത ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് സര്‍ക്കാര്‍. ഖനിയിലകപ്പെട്ട 15 പേരില്‍ ഒരാളെപ്പോലും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടില്ല. ഈ സാഹചര്യത്തില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. ലക്ഷക്കണക്കിന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞിട്ടും ഖനിയിലെ ജലനിരപ്പ് പഴയത് പോലെ തുടരുന്നു എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇന്ത്യന്‍ നാവിക സേന, കോള്‍ ഇന്ത്യ, എന്‍.ഡി.ആര്‍.എഫ്, ഒഡിഷ അഗ്‌നിശമന സേന എന്നിവിടങ്ങളില്‍ നിന്നുള്ള 200 ഓളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്.സ്വകാര്യ പമ്പ് നിര്‍മാതാക്കളായ കിര്‍ലോസ്‌ക്കറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

തൊഴിലാളികളികള്‍ ജീവനോടെ ഉണ്ടാകാമെന്നും അതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചത്.
പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവര്‍ ജീവനോടെയുണ്ടോ എന്ന് നമുക്കറിയില്ല. ചിലപ്പോള്‍ ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ അവരെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്ക് അദ്ഭുതങ്ങളില്‍ വിശ്വസിക്കാമെന്നും അവരെ നമുക്ക് പുറത്തെത്തിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഡിസംബര്‍ 13നാണ് 15 തൊഴിലാളികള്‍ മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലുള്ള അനധികൃത ഖനിയില്‍ കുടുങ്ങിയത്. ഖനിയില്‍ വെള്ളം നിറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനവും തടസമായി.

Top