മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാറിലായ മൂന്ന് ജനറേറ്ററുകളിലൊന്ന് ബുധനാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. മറ്റൊന്ന് വെള്ളിയാഴ്ചയും ഓടിച്ചു തുടങ്ങും.
കൊടുംവേനലില്‍ വൈദ്യുതി ആവശ്യം നിര്‍ണായകമായ വേളയില്‍ ജനറേറ്ററുകള്‍ ഇടയ്ക്കിടെ പണിമുടക്കുന്നത് വൈദ്യുതി ബോര്‍ഡിന് തലവേദനയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ വൈദ്യുതി നിലയത്തിലെ ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണവും തകരാറിലായിരുന്നു.
ഒന്ന്, ആറ്, മൂന്ന് നമ്പര്‍ ജനറേറ്ററുകളാണ് തകരാറിലായത്. അവയില്‍ ആറ്, മൂന്ന് നമ്പര്‍ ജനറേറ്ററുകളാണ് ഈയാഴ്ചയില്‍ വീണ്ടും വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങുന്നത്.
ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ മാര്‍ച്ച് അവസാനത്തോടെ മാത്രമേ തീരൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി നിലയമാണ് മൂലമറ്റത്തേത്. 720 മെഗാവാട്ടാണ് നിലയത്തിന്റെ ആകെ ശേഷി. മൂന്ന് ജനറേറ്ററുകള്‍ തകരാറിലായതോടെ വൈദ്യുതി ഉത്പാദനത്തില്‍ 360 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്.