ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. എസ്പി നേതാവ് മുലായം സിംഗ് യാദവ് ഉത്തര്‍പ്രദേശിലെ മൈന്‍പുരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മുലായം നാലുതവണ പ്രതിനിധീകരിച്ച മണ്ഡലമാണിത്. കോണ്‍ഗ്രസിന് പിന്നാലെയാണ് എസ്പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.
മുലായം വീണ്ടും മത്സരിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ യുപിയില്‍ ആറു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് എസ്പി പ്രഖ്യാപിച്ചത്. മൂന്നു ജനറല്‍ സീറ്റുകളിലേക്കും മൂന്നു സംവരണ സീറ്റുകളിലേക്കുമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മുലായം അടക്കം യാദവ് കുടുംബത്തില്‍ നിന്നുള്ള മൂന്നു സിറ്റിംഗ് എംപിമാര്‍ അടങ്ങിയതാണ് ആദ്യ സ്ഥാനാര്‍ഥി പട്ടിക. മുലായത്തിന്റെ അനന്തരവനും സിറ്റിംഗ് എംപിയുമായ ധര്‍മേന്ദ്ര യാദവ് ബദായൂനില്‍ നിന്ന് മത്സരിക്കും. അക്ഷയ് യാദവ് ഫിറോസാബാദില്‍ നിന്ന് മത്സരിക്കും. ഫിറോസാബാദിലെ സിറ്റിംഗ് എംപിയാണ് അക്ഷയ് യാദവ്. കംലേഷ് കതാരിയ(എത്വ), ഭായ്ലാല്‍ കോല്‍(റോബര്‍ട്ട്‌സ്ഗഞ്ച്), ഷാബീര്‍ ബാല്‍മീകി(ബഹ്‌റിച്ച്) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.