തിരുവനന്തപുരം: മൂന്നാര്‍ ഭൂമി വിവാദത്തില്‍ കര്‍ശനമായ നിലപാട് എടുത്ത സബ്കളക്ടര്‍ രേണു രാജിന് പിന്തുണ അറിയിച്ച് ഐഎഎസ് അസോസിയേഷന്‍ രംഗത്ത്. ബുധനാഴ്ച ചേര്‍ന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗമാണ് രേണുരാജിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
മൂന്നാറിലെ മുതിരപ്പുഴയാറിലെ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനെതിരെയുള്ള സബ്കളക്ടറുടെ നിലപാടിന് സംസ്ഥാന വ്യാപകമായ പിന്തുണയും പ്രശംസയും ലഭിക്കുന്നതിനിടെയാണ് അസോസിയേഷനും പിന്തുണ അറിയിച്ചിരിക്കുന്നത്.
മുതിരപ്പുഴയാറിന് സമീപമുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു . ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇതോടെ ഔസേഫിന്റെ ഹര്‍ജിയും സര്‍ക്കാരിന്റെ ഉപഹര്‍ജിയും കോടതി ഒരുമിച്ച് പരിഗണിക്കും. രണ്ടാഴ്ചക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.