മുട്ടില്‍ മരം മുറി; ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ പ്രതികളായ അഗസ്റ്റില്‍ സഹോദരങ്ങള്‍ക്ക് ഈട്ടി തടികള്‍ കടത്തുന്നതിന് സഹായം നല്‍കിയെന്ന് ആരോപണം നേരിട്ട ഉദ്യോസ്ഥനെ സ്ഥലം മാറ്റി. ആരോപണ വിധേയനായ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനാണ് സ്ഥലം മാറ്റം. കൊല്ലത്തേക്കാണ് സ്ഥലം മാറ്റിയത്.

മുട്ടില്‍ മരം മുറി കേസില്‍ എന്‍ ടി സാജനെതിരെ സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാല്‍ വിശദീകരണം തേടണമെന്നും കുറ്റക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

മരംമുറി വിവാദം ശക്തമായപ്പോള്‍ മുതല്‍ നിരവധി ആരോപണങ്ങളാണ് എന്‍ ടി സാജനെതിരെ ഉയര്‍ന്നത്. പ്രതികളുമായി ബന്ധമുണ്ടെന്നും കേസ് ഒത്ത് തീര്‍പ്പാക്കാന്‍ വനംമന്ത്രിയെ സന്ദര്‍ശിച്ചെന്നും പ്രതിപക്ഷം വലിയ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്‍ ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സവേറ്റര്‍ ഓഫ് ഫോറസ്റ്റ് നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. വയനാട്ടില്‍ നിന്ന് മുറിച്ച മരം പിടിച്ച റേഞ്ച് ഓഫിസറെ കുടുക്കാന്‍ സാജന്‍ ശ്രമിച്ചിരുന്നു.

ഫോറസ്‌റ് കണ്‍സവേറ്റര്‍ സാജനെതിരെ റേഞ്ച് ഓഫീസര്‍ സമീര്‍ പരാതി നല്‍കിയിരുന്നു. എന്‍ ടി സാജനെതിരെ വിജിലന്‍സ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തുടര്‍ന്ന് എന്‍ ടി സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും, കുറ്റക്കാരനെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു.

Top