സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ റിമാന്‍ഡ് ചെയ്‍തു

തിരുവനന്തപുരം : സഹപ്രവർത്തകയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്ന പരാതിയിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ റിമാന്‍ഡ് ചെയ്‍തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്‍തത്.

സദാചാര ഗുണ്ടായിസം നടത്തി എന്ന് ആരോപിച്ചു നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് സെക്രട്ടറിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിന് മുമ്പിൽ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്‍തത്.

സംഭവത്തില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രാധാകൃഷ്ണനോടൊപ്പം അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവര്‍ കൂടി കേസില്‍ പ്രതികളാണ്. ഐപിസി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആൺസുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്.

Top