കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ വാടാനപ്പള്ളി സ്വദേശിയായ സ്ത്രീയെയും ജൂണ്‍ 20ന് ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.
ഷംന പറഞ്ഞതിന് അനുസരിച്ചാണ് താന്‍ വീട്ടിലെത്തിയത് എന്നായിരുന്നു ഇയാള്‍ ഷംനയുടെ മാതാപിതാക്കളോട് പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ ഷംനയെ വിളിച്ചപ്പോള്‍ താന്‍ അങ്ങനെ ഒരാളെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടില്ലെന്ന് നടി മാതാപിതാക്കളോട് വ്യക്തമാക്കി. ഇയാളുടെ വരവിന് വിവാഹത്തട്ടിപ്പുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യാനുളള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം,പരാതിക്കാരായ മോഡലുകള്‍ തങ്ങളെ വഞ്ചിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ അറസ്റ്റ് ഇന്നുണ്ടാകും.
അതിനിടെ അപരിചിതര്‍ക്ക് താരങ്ങളുടെ നമ്പര്‍ നല്‍കരുതെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍ക്ക് ഫെഫ്ക കത്ത് നല്‍കി. കാസ്റ്റിങ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനി മുതല്‍ ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ഏതെങ്കിലും സാഹചര്യത്തില്‍ താരങ്ങളുടെ നമ്പര്‍ ചോദിച്ച് വിളിക്കുന്നവരെയോ അല്ലെങ്കില്‍ കാസ്റ്റിങ് ഡയറക്ടര്‍മാരെ കുറിച്ചോ സംശയം തോന്നുകയാണെങ്കില്‍ വിളിച്ചറിയിക്കാന്‍ ടോള്‍ നമ്പര്‍ ഏര്‍പ്പെടുത്താനും ഫെഫ്ക ആലോചിക്കുന്നുണ്ട്.