സാന്‍ഫ്രാന്‍സിസ്‌കോ: യുട്യൂബില്‍ പരസ്യം നല്‍കുന്നത് ബഹിഷ്‌കരിച്ച് വന്‍കിട കമ്പനികള്‍. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വീഡിയോകള്‍ക്കൊപ്പം വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കമ്പനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിച്ചത്.
പെപ്‌സിക്കോ, വാള്‍മാര്‍ട്ട്, സ്റ്റാര്‍ബക്കസ് എന്നിവരാണ് മറ്റു കമ്പനികള്‍ക്കു പിന്നാലെ പരസ്യങ്ങള്‍ യുട്യൂബില്‍ നിന്ന് പിന്‍വലിച്ചത്.
ഗൂഗിളിന്റെ ഓട്ടോമേറ്റഡ് പ്രോഗ്രാം വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പമാണ് ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഇട്ടതെന്ന് അടുത്തിടെ വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട എടി ആന്റ് ടി, വെരിസോണ്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫോക്‌സ്വാഗന്‍ തുടങ്ങിയ കമ്പനികള്‍ ഏതാനും ദിവസം മുന്‍പ് തങ്ങളുടെ പരസ്യങ്ങള്‍ യു ട്യൂബില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ഓരോ മിനിറ്റിലും 400 മണിക്കൂര്‍ വീഡിയോകളാണ് യുട്യൂബില്‍ എത്തുന്നത്. കൂടെ ഓട്ടോമേറ്റഡ് പ്രോഗ്രാം വഴി വീഡിയോകള്‍ക്കൊപ്പം പരസ്യങ്ങളും പ്രത്യക്ഷപ്പെടുകയാണ്. ഇത്തരത്തിലുള്ള മോശം വീഡിയോകള്‍ യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ മാത്രമേ ഗൂഗിളിനു കഴിയൂ.
സംഭവത്തില്‍ ഗൂഗിള്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും തല്‍സ്ഥിതി തുടരുകയാണ്. പ്രശ്‌നം പരിഹരിക്കാതെ യുട്യൂബുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് വന്‍കിട കമ്പനികള്‍.