തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1195 കേസുകളില്‍ 274 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്ത്. ഇതില്‍ 248 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പടര്‍ന്നത്. പൂന്തുറയിലും വിഴിഞ്ഞത്തും രോഗവ്യാപന സാധ്യത കുറയുന്നുണ്ടെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് കൂടുതല്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ ആകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറമാണ് കൊവിഡ് കേസില്‍ തിരുവനന്തപുരത്തിന് തൊട്ടുപിന്നിലുള്ളത്. 167 കൊവിഡ് പൊസിറ്റീവ് കേസുകളാണ് ഇന്ന് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 128 പേരില്‍ 119 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. കാസര്‍കോട് നഗരസഭയിലെ നെല്ലിക്കുന്ന് കടപ്പുറത്ത് മാത്രം 49 പേര്‍ക്ക് കൊവിഡ്. നെല്ലിക്കുന്ന് കടപ്പുറത്ത് രോഗികളുടെ എണ്ണം 83 ആയി.