ഡ്വെയ്ന്‍ ജോണ്‍സണിന്റെ മെഴുക് പ്രതിമക്ക് നിറം കൂടുതല്‍; പ്രതികരിച്ച് താരം

പ്രശസ്ത ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സണിന്റെ മെഴുക് പ്രതിമ വിവാദമായതോടെ മാറ്റം വരുത്താനൊരുങ്ങി ഫ്രാന്‍സിലെ ഗ്രെവിന്‍ മ്യൂസിയം. സമോവന്‍ ദ്വീപില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനായ ഡ്വെയ്ന്‍ ജോണ്‍സണെ ആവശ്യത്തിലധികം വെളുപ്പിച്ചുവെന്നായിരുന്നു പരാതി. സമൂഹമാധ്യമങ്ങളില്‍ മെഴുക് പ്രതിമ വലിയ ചര്‍ച്ചയായതോടെ ഡ്വെയ്ന്‍ തന്നെ രംഗത്തെത്തി. അടുത്ത തവണ ഫ്രാന്‍സിലെത്തുമ്പോള്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്താമെന്നും നടന്‍ പറഞ്ഞു.

മെഴുക് പ്രതിമ ജീവനക്കാര്‍ പുനഃസൃഷ്ടിക്കുകയാണെന്നും ചൊച്ചാഴ്ച മാറ്റം വരുത്തിയ പ്രതിമ മ്യൂസിയത്തിലെത്തിക്കുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മ്യൂസിയം അധികൃതര്‍ അറിയിച്ചു. ‘ജീവനക്കാര്‍ മെഴുക് പ്രതിമ പുനഃസൃഷ്ടിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി മാറ്റം വരുത്തിയ പ്രതിമ ചൊവ്വാഴ്ച തന്നെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും.

ഇതിനായി രാത്രി മുഴുവനും ജോലി ചെയ്യുകയാണ്; മ്യൂസിയത്തിന്റെ ഡയറക്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ തങ്ങളുടെ ലൈറ്റിങ്ങും പുനഃക്രമീകരിക്കുകയാണ്. കാരണം പ്രതിമക്ക് തിളക്കം നല്‍കുന്ന ഒരു ലൈറ്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രതിവര്‍ഷം ഏകദേശം 800,000 സന്ദര്‍ശകര്‍ എത്തുന്ന ഗ്രെവിന്‍ മ്യൂസിയത്തില്‍ കഴിഞ്ഞ ആഴ്ചയാണ് ജോണ്‍സണിന്റെ മെഴുക് പ്രതിമ അനാവരണം ചെയ്തത്.

Top