സംസ്ഥാനത്ത് ഇന്ന്‌ 82 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു; 24 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 24 പേര്‍ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
.
കാസര്‍കോട്-3, കണ്ണൂര്‍-2, കോഴിക്കോട്-7, മലപ്പുറം-11,പാലക്കാട്-5, തൃശ്ശൂര്‍-4, എറണാകുളം-5, ഇടുക്കി-9, കോട്ടയം-8, പത്തനംതിട്ട-2, ആലപ്പുഴ-7, കൊല്ലം-5, തിരുവനന്തപുരത്ത് 14 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്‌. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 19 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 5 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഒരാൾക്ക്​ എങ്ങിനെ വൈറസ്​ പകർന്നുവെന്ന്​ വ്യക്​തമായിട്ടില്ല.

ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 832 പേര്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,58,861 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1440 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഇന്ന് 4004 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 73,712 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 69,606 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 16,711 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15,264 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

മാസ്‌ക് ധരിക്കാത്ത 2869 സംഭവങ്ങള്‍ ഉന്ന് റിപ്പോര്‍ട്ട് ചെയ്തതായും ക്വാറന്റീന്‍ ലംഘിച്ചതിന് 24 പേര്‍ക്കെതെരെ കേസ് എടുത്തതായും വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപികമാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് അവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മണ്ണാര്‍ക്കാട് സ്‌ഫോടക വസ്തു കടിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരഭിച്ചു. വിശദമായ അന്വേഷണത്തിന് കോഴിക്കോട് വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അയച്ചു. കുറ്റക്കാര്‍ക്കെതിര കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Top