കഴിഞ്ഞ 11 വർഷത്തിനിടയിൽ കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവർത്തകരിൽ കൂടുതൽ സിപിഎം

തിരുവനന്തപുരം: കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍ കൊല്ലപ്പെട്ടത് സിപിഎമ്മില്‍ നിന്ന്. 50 പേരാണ് ഈ കാലയളവില്‍ സിപിഎമ്മിന് നഷ്ടമായതെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

2006-2017 കാലഘട്ടത്തില്‍ ആകെ 107 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത് ഇതില്‍ രണ്ടാം സ്ഥാനത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്, 42 പേര്‍.

അഞ്ച് വീതം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും മൂന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരും ഒന്നു വീതം സിപിഐ, ജെഡിയു പ്രവര്‍ത്തകരും ഈ കാലയളവില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞവര്‍ഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ നടന്ന (അവസാന മാസം വരെ) ആകെ കൊലപാതകങ്ങളുടെ എണ്ണം 96. യുപിയില്‍ 28, ജാര്‍ഖണ്ഡില്‍ 15, കേരളത്തില്‍ 12 എന്നിങ്ങനെയാണ് കൊലപാതകങ്ങളുടെ എണ്ണം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2017 മാര്‍ച്ച് വരെ 12 കൊലപാതകങ്ങളാണു നടന്നതെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. രണ്ടു സിപിഎം പ്രവര്‍ത്തകരും നാലു ബിജെപി പ്രവര്‍ത്തകരും കണ്ണൂര്‍ ജില്ലയിലും രണ്ടു ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് ജില്ലയിലും രണ്ടു ബിജെപി പ്രവര്‍ത്തകര്‍ പാലക്കാട് ജില്ലയിലും സിപിഎം പ്രവര്‍ത്തകനായിരുന്ന ഒരാള്‍ കോട്ടയം ജില്ലയിലും കൊല്ലം ജില്ലയില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. 2016 ജൂണ്‍ മുതല്‍ ഡിസംബര്‍വരെ പത്തു പേരാണു കൊല്ലപ്പെട്ടത്. ബിജെപി – അഞ്ച്, സിപിഎം – രണ്ട്, ലീഗ് – രണ്ട്, സിപിഎം ഒന്ന്. രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ 77.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016ല്‍ കൊല്ലപ്പെട്ടത് 15 പേരാണ്. സിപിഎം ആറ്, ബിജെപി അഞ്ച്, കോണ്‍ഗ്രസ് രണ്ട്, ലീഗ് രണ്ട്. ഇതില്‍ ഒരാള്‍ യുഡിഎഫ് ഭരണകാലത്ത് കൊല്ലപ്പെട്ടു.

സിപിഎമ്മിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 564 രക്തസാക്ഷികളാണുള്ളത്. ഇതില്‍ സമരങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരും ജന്മിമാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും, പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ചവരുമെല്ലാം ഉള്‍പ്പെടുന്നു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ മരിച്ചവര്‍ ഏകദേശം നാനൂറോളം പേരാണ്.

ആര്‍എസ്എസിന്റെ കണക്കനുസരിച്ച് 1969നുശേഷം കേരളത്തില്‍ കൊല്ലപ്പെട്ടത് മുന്നൂറോളം പ്രവര്‍ത്തകരാണ്. ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 13 പ്രവര്‍ത്തകരാണെന്നും ആര്‍എസ്എസ് ദേശീയനേതൃത്വം ചൂണ്ടിക്കാട്ടുന്നു.

തലസ്ഥാനത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എത്തും മുമ്പാണ് കൊലപാതകങ്ങളുടെ യഥാര്‍ത്ഥ കണക്ക് ഇപ്പോള്‍ വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

Top