ഷബ്‌നയുടെ മരണം; ഗാര്‍ഹിക പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഷബ്‌ന ആത്മഹത്യ ചെയ്ത കേസില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഷബ്‌ന ജീവനൊടുക്കുന്ന തിങ്കളാഴ്ച ഭര്‍തൃവീട്ടുകാര്‍ ഷബ്‌നയെ ചീത്ത വിളിക്കുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ് ഷബ്‌ന തന്നെ ഫോണില്‍ എടുത്ത വീഡിയോയാണിത്. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ച് വരെ ഭര്‍തൃവീട്ടുകാര്‍ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ജീവനൊടുക്കിയത്. വീഡിയോയില്‍ ഷബ്‌നയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ് ഹനീഫ സംസാരിക്കുന്നത്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

അതേസമയം, ഷബ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്‌നയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെ ഉടന്‍ പൊലീസ് ചോദ്യം ചെയ്യും. ഷബ്‌ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഷബ്‌നയെ മര്‍ദിച്ച ഹനീഫയെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഷബ്‌ന മുറിയില്‍ കയറി വാതില്‍ അടച്ചപ്പോള്‍ രക്ഷിക്കാന്‍ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്‌ന ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്.

Top