പെരുന്നാള്‍ പ്രമാണിച്ച് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

ദോഹ: ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് 24 മുതല്‍ ജൂലൈ 8 വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.

ചെറിയ പെരുന്നാള്‍ പ്രമാണിച്ചാണ് സര്‍വീസുകള്‍ കൂടുതല്‍ അനുവദിച്ചിരിക്കുന്നത്.

പെരുന്നാള്‍ പ്രമാണിച്ചും ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധിയായതിനാലും സ്വദേശത്തേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടിയിട്ടുള്ള സാഹചര്യമാണുള്ളത്.

പ്രതിദിനം 800നും 1,500നും ഇടയിലാണ് നാട്ടിലേക്ക് പോകുന്ന മലയാളികളുടെ ശരാശരി എണ്ണം. ഈ സാഹചര്യത്തില്‍ അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് പ്രവാസി സംഘടനകള്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

സംഘടനകളുടെ ആവശ്യപ്രകാരം അംബാസിഡര്‍ പി കുമരന്‍ ഈ വിഷയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.186 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

Top