more pain for public as many banks refuse to accept deposits above rs-5000

ന്യൂഡല്‍ഹി: 5,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നതായി റിപ്പോര്‍ട്ട്.

അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ച് 5,000 രൂപയില്‍ അധികം നിക്ഷേപം നടത്തുന്നവര്‍ നിക്ഷേപം നടത്താന്‍ വൈകിയതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശമുണ്ടായ സാഹചര്യത്തിലാണിത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബാങ്ക് ശാഖകളില്‍ ഇത്തരത്തില്‍ നിക്ഷേപം സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം അനുസരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് പല ബാങ്കുകളെയും ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

5,000ല്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ വരുന്ന ആളോട് കുറഞ്ഞത് രണ്ട് ഉദ്യോഗസ്ഥരുടെയെങ്കിലും സന്നിദ്ധ്യത്തില്‍ നിക്ഷേപം വൈകാനിടയായ സാഹചര്യത്തെക്കുറിച്ച് രേഖാമൂലം തൃപ്തികരമായ വിശദീകരണം ചോദിക്കണമെന്നാണ് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം.

ചെറിയ ശാഖകളില്‍ മാനേജര്‍ മാത്രമായിരിക്കും ഓഫീസറായി ഉണ്ടാകുക. ബാക്കിയുള്ളവര്‍ ക്ലറിക്കല്‍ ജീവനക്കാരായിരിക്കും. മാത്രമല്ല, തൃപ്തികരമായ വിശദീകരണം എന്ന നിബന്ധന പിന്നീട് തങ്ങള്‍ക്ക് പ്രശ്‌നമായി തീരുമോയെന്നും ഉദ്യോഗസ്ഥര്‍ ഭയക്കുന്നു.

ഒറ്റത്തവണ എത്ര തുക നിക്ഷേപിക്കുന്നതിനും തടസ്സമുണ്ടാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും ആദ്യ നിര്‍ദ്ദേശത്തില്‍ ഭേദഗതികള്‍ വരുത്തി, രേഖാമൂലം അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബാങ്ക് ജീവനക്കാര്‍.

Top