ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിനെ രാജ്യസഭയില്‍ നേരിടാന്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളുടേയും സഹായം തേടാന്‍ എഎപി. കഴിഞ്ഞ ദിവസമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയത്. ഇതിനെതിരെ ആംആദ്മി വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കുറവുള്ള രാജ്യസഭയില്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് ആംആദ്മിയുടെ തീരുമാനം.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് എഎപിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. ബംഗാള്‍ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബില്‍ രാജ്യസഭയില്‍ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍ രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ ടി.എം.സി അംഗങ്ങള്‍ക്ക് സഭയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഡെറക് ഒബ്രയന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.