തിരുവനന്തപുരം: പേമാരിക്കും മണ്ണിടിച്ചിലിനും ശേഷം പശ്ചിമ ഘട്ടത്തില്‍ കൂടുതല്‍ ക്വാറികള്‍ വരുന്നു. വിഴിഞ്ഞമടക്കം വന്‍കിട പദ്ധതികള്‍ക്കായി കൂടുതല്‍ ക്വാറികള്‍ തുറക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോന്നി, കൂടല്‍ വില്ലേജുകളിലെ 30,32 ബ്ലോക്കുകളില്‍ ഇതിനായി സര്‍വ്വേ നടത്തി. പരിസ്ഥിതി ലോല മേഖലകളിലാണ് പഠനം നടത്തിയത്. ഈ മേഖലകളില്‍ ഖനനം പാടില്ലെന്നായിരുന്നു ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശ. ഇതിനെ മറികടന്ന് പഠനം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവുമധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പത്തനംതിട്ടയിലെ കോന്നി. വനങ്ങള്‍ അതിരുന്ന ഇവിടെ എണ്ണിയാലൊടുങ്ങാത്ത പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലഞ്ഞൂര്‍ പഞ്ചായത്തില്‍ മാത്രം അഞ്ച് ക്വാറികളും ഒന്‍പത് ക്രഷര്‍ യൂണിറ്റുകളുമാണ് ഒരേസമയം പ്രവര്‍ത്തിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
മഹാപ്രളയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അഭിപ്രായപ്പെട്ട കാനം ദുരിതാശ്വാസ ഫണ്ട് ചെലവഴിക്കുന്നത് റവന്യൂ വകുപ്പ് അറിഞ്ഞ് മാത്രമായിരിക്കുമെന്നും പറഞ്ഞു.
വികസനത്തേക്കുറിച്ച് ചില എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഭിപ്രായപ്രകടനം വ്യക്തിപരം മാത്രമാണെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കാനം വ്യക്തമാക്കി.