ആശ്വാസ പാക്കേജ് ആദ്യ പടി; ഇനി സാമ്പത്തിക ഉത്തേജന പാക്കേജ് വരും

കൊറോണാവൈറസ് പകര്‍ച്ചവ്യാധി തടഞ്ഞ് നിര്‍ത്താന്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചുപൂട്ടല്‍ മൂലം 202021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി തിരിച്ചടി നേരിടുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍പേഴ്‌സണ്‍ രാജീവ് കുമാര്‍. വൈറസ് പടരുന്നത് തടയാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷെ സമ്പദ് വ്യവസ്ഥ ആദ്യ പാദത്തില്‍ ഇതിന്റെ തിരിച്ചടി ഏറ്റുവാങ്ങുമെന്ന് രാജീവ് കുമാര്‍ പറയുന്നു.

21 ദിവസത്തെ അടച്ചുപൂട്ടല്‍ പൂര്‍ത്തിയാകുമ്പോഴും ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്ത് ഏത് വിധത്തിലാണ് മഹാമാരി പ്രവര്‍ത്തിക്കുകയെന്ന് നിലവില്‍ നീതി ആയോഗിന് യാതൊരു മുന്‍ധാരണയുമില്ല. പുതിയ കേസുകള്‍ കുറയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍, ഇതുവഴി സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നും കരുതുന്നു’, ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്നാഴ്ച കൊണ്ട് തിരിച്ചുവരുമെന്നും താന്‍ പ്രതീക്ഷിക്കുന്നതായി കുമാര്‍ കൂട്ടിച്ചേര്‍ത്തു. ‘അടുത്ത പാദത്തില്‍ പൂജ്യം വളര്‍ച്ചാനിരക്ക് ആണെങ്കില്‍ പോലും ഭാഗ്യമാകും. ജിഡിപി വളര്‍ച്ച നെഗറ്റീവ് ആകാനും സാധ്യതയുണ്ട്. എന്നിരുന്നാലും 202021 സാമ്പത്തിക വര്‍ഷത്തെ ആകെ വളര്‍ച്ച 33.5 ശതമാനത്തില്‍ താഴെ പോകില്ല. പല കാര്യങ്ങളും അജ്ഞാതമായി തുടരുന്നതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് കൊണ്ട് കാര്യമില്ല’, രാജീവ് കുമാര്‍ പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവര്‍ക്കും ദിവസ വേതനക്കാര്‍ക്കും പിന്തുണ നല്‍കാനായി കേന്ദ്ര ധനകാര്യ മന്ത്രി 1.7 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരുമാനം കുറഞ്ഞ ആളുകള്‍ക്കും പദ്ധതി സഹായം വാഗ്ദാനം ചെയ്യുന്നു. ഈ ആശ്വാസ പാക്കേജിന് പുറമെ മറ്റുള്ളവരെ സഹായിക്കാനായി സാമ്പത്തിക ഉത്തേജന പാക്കേജ് തയ്യാറായി വരികയാണെന്ന് രാജീവ് കുമാര്‍ വ്യക്തമാക്കി. ഈ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Top