ആപ്പിള്‍ കമ്പനി 2007ല്‍ ഐഫോണ്‍ അവതരിപ്പിച്ചതോടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിക്കുന്നത് .
സ്മാര്‍ട്ട്‌ഫോണുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്ന മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് ഘടകങ്ങളുടെ കാര്യത്തില്‍ മാത്രം സ്മാര്‍ട്ട്‌ഫോണുകള്‍ അധികം മുന്നോട്ട് പോയിട്ടില്ല.
സ്‌ക്രീനുകളുടെ കാര്യത്തിലും ബാറ്ററിയുടെ കാര്യത്തിലും. തറയില്‍ വീണാല്‍ പൊട്ടാത്ത സ്‌ക്രീന്‍, ദിവസങ്ങളോളം ആയുസ്സുള്ള ബാറ്ററി എന്നിവ ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല.
പത്തുവര്‍ഷം മുമ്പ് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍ മികച്ചതായിരുന്നു കോണിംഗ് ഗറില്ല ഗ്ലാസ്.
പോറല്‍ വീഴാത്തതും പൊടിയും അഴുക്കും പിടിക്കാത്തതുമാണ് ഗ്ലാസിന്റെ ആകര്‍ഷണമെന്ന് അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ പ്രഖ്യാപനമാണ് ഗറില്ല ഗ്ലാസിന് പുനര്‍ജന്‍മം നല്‍കിയത്.
ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടനിലെ സസക്‌സ് സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ പുതിയ മുന്നേറ്റം പ്രതീക്ഷയേകുന്നത്.
വീണാല്‍ പൊട്ടാത്ത, കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീനുകള്‍ നിര്‍മിക്കാനുള്ള നൂതനമാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സസക്‌സിലെ പ്രൊഫ. അലന്‍ ഡാല്‍ട്ടനും സംഘവും.
പുതിയ വിദ്യ പ്രായോഗികതലത്തില്‍ എത്തിയാല്‍, ടച്ച്‌സ്‌ക്രീനുകളുടെ വില നന്നായി കുറയും.
സില്‍വര്‍ നാനോവയറുകള്‍ ഗ്രാഫീനുമായി സമ്മേളിപ്പിച്ചാണ് കണ്ടുപിടുത്തം സാധിച്ചതെന്ന് ‘ലാങ്മ്യൂര്‍’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
ഒരു ആറ്റത്തിന്റെ മാത്രം കനമുള്ള കാര്‍ബണ്‍ പാളിയാണ് ഗ്രാഫീന്‍.
ഇങ്ങനെ സൃഷ്ടിക്കുന്ന ‘ഗ്രാഫീന്‍സില്‍വര്‍ നാനോവയര്‍ നെറ്റ്‌വര്‍ക്കിന്റെ വൈദ്യുതി കടത്തിവിടാനുള്ള ശേഷി വളരെ കൂടുതലാണ്.
കുറഞ്ഞ ഊര്‍ജം മതി ഈ പദാര്‍ഥത്തിന്. മൊബൈല്‍ സ്‌ക്രീനുകള്‍ കൂടുതല്‍ റെസ്‌പോണ്‍സീവ് ആകും എന്നര്‍ഥം.
കൂടാതെ ഇത്തരം സ്‌ക്രീനുകളുള്ള സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററിയുടെ ആയുസ്സ് കൂടുതലായിരിക്കും.
ഫിലിം വളച്ചാലും ചുരുട്ടിയാലും അതിന്റെ വൈദ്യുത ചാലകശേഷിയില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നതാണെന്ന് ഡോ.മാത്യു ലാര്‍ജ് അറിയിക്കുന്നു.
അതായത് തികച്ചും ഫ്‌ളെക്‌സിബിളായ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ വഴിതുറക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.