രാജ്യസഭാ എംപിയുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളില്‍ നിന്നായി 100 കോടിയിലധികം രൂപ കണ്ടെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നിന്നായി 100 കോടിയിലധികം രൂപ കണ്ടെടുത്തു. ഡിസംബര്‍ 6 മുതല്‍ ഒഡീഷയിലെയും ജാര്‍ഖണ്ഡിലെയും സാഹുവിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡുകള്‍ തുടരുമെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. റെയ്ഡിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ജനങ്ങള്‍ ഈ പണം കണ്ടതിന് ശേഷം അവരുടെ നേതാക്കളുടെ പ്രസംഗം കേള്‍ക്കണം എന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ‘പൊതുജനങ്ങളില്‍ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നല്‍കേണ്ടിവരും, ഇത് മോദിയുടെ ഉറപ്പാണ്,’ എന്നും പ്രധാനമന്ത്രി കുറിച്ചു. ധീരജ് സാഹു മാത്രമല്ല മറ്റ് നിരവധി കോണ്‍ഗ്രസ് എംപിമാരും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രാജ്യസഭാ എംപി ദീപക് പ്രകാശ് പറഞ്ഞു.

30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് എട്ടിലധികം കൗണ്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്. കറന്‍സി അടങ്ങിയ 150 ഓളം പാക്കറ്റുകള്‍ ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബൊലാന്‍ഗീറിലെ ഹെഡ് ബ്രാഞ്ചിലേക്ക് കൊണ്ടുപോയി. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും രാഷ്ട്രീയ ബന്ധങ്ങള്‍ ഒഴിവാക്കുന്നില്ലെന്നും ആദായനികുതി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബഹാദൂര്‍ പറഞ്ഞു.

 

Top