More than 100 terrorists ready across LoC to infiltrate India; Doval

ന്യൂഡല്‍ഹി : പാക്ക് അധീനകാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് തിരിച്ചടിക്കാന്‍ പാക്ക് ഭീകരര്‍ തയ്യാറെടുക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും കാര്യങ്ങള്‍ വിശദീകരിച്ചത്.

നൂറിലധികം പാക്ക് ഭീകരര്‍ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ തയാറായിരിക്കുകയാണെന്ന് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് സുരക്ഷാ കമ്മിറ്റിയിലാണ് ഡോവല്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയത്. ഏതാണ്ട് പന്ത്രണ്ടിലധികം ലോഞ്ച് പാഡുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോവല്‍ യോഗത്തെ അറിയിച്ചു.

കഴിഞ്ഞയാഴ്ച പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ആക്രമിച്ചതിനു ശേഷം ഇതുരണ്ടാം തവണയാണ് കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേരുന്നത്.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം, നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഭീകരരുടെ ലോഞ്ച് പാഡുകള്‍ക്ക് പാക്ക് സൈന്യം സംരക്ഷണം നല്‍കുന്നുണ്ട്.

ഉറിയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് കഴിഞ്ഞയാഴ്ച പാക്ക് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ആക്രമണത്തില്‍ 38 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Top