തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തി ഇരുന്നൂറിലേറെ വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തി ഇരുന്നൂറിലധികം വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. വിസ ചട്ടങ്ങള്‍ ലംഘിച്ചതുള്‍പ്പെടുയുള്ള കേസുകളില്‍പ്പെട്ടവരാണ് കേന്ദ്രത്തിന്റെ കരിമ്പട്ടികയിലുള്ളത്. ഇവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് വരുന്നതിനും വിലക്കുണ്ട്. മാര്‍ച്ച് 13 ന് ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലായിരത്തി ഇരുന്നൂറിലേറെ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഡല്‍ഹി ക്രൈം ബ്രാഞ്ച് പന്ത്രണ്ട് കുറ്റപത്രങ്ങളും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്നു. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകളുടെ പേരില്‍ വര്‍ഗീയവത്കരണത്തിനുള്ള ശ്രമം നടക്കുന്നതായി സുപ്രീം കോടതിയില്‍ നേരത്തെ ഹര്‍ജിയടക്കം സമര്‍പ്പിക്കപ്പെട്ടിരുന്നു. ജാമിയത് ഉലമ ഇ ഹിന്ദാണ് കോടതിയെ സമീപിച്ചത്.

കൊവിഡുമായി ബന്ധപ്പെടുത്തി തബ്ലീഗ് ജമാഅത്തിനെതിരെ വര്‍ഗീയ ആക്രമണം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. രാജ്യത്ത് ആദ്യഘട്ടത്തില്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Top