കീവ്: യുക്രെയിനിന്റെ തന്ത്രപ്രധാന തുറമുഖനഗരമായ മരിയുപോളില്‍ റഷ്യന്‍ ആക്രമണത്തില്‍ 2500ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ പള്ളിക്ക് നേരെ നടന്ന ഷെല്ലാക്രമണത്തില്‍ അനേകം പേര്‍ കൊല്ലപ്പെട്ടിരുന്നു.
റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയിന്‍ നഗരം ഒന്നൊന്നായി തകര്‍ന്ന് വീഴുകയാണ്. കീവിലെ അന്റോനോവ് വ്യോമയാന വ്യവസായ പഌന്റിന് തീപിടിച്ചു. യുക്രെയിനിലെ ചെര്‍ണിഹിവ് പോളിടെക്‌നിക് നാഷണല്‍ യൂണിവേഴ്‌സിറ്റി തകര്‍ന്നു. ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങള്‍ റഷ്യന്‍സേന പിടിച്ചടക്കി.
കഴിഞ്ഞ ദിവസം ലിവീവില്‍ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടെന്നും 134 പേര്‍ക്ക് പരിക്കേറ്റുവെന്നും യുക്രെയിന്‍ അറിയിച്ചിരുന്നു. പടിഞ്ഞാറന്‍ യുക്രെയിനിലെ പോളണ്ട് അതിര്‍ത്തിയ്ക്ക് സമീപമാണ് ആക്രമണമുണ്ടായ യാവോറിവ് സൈനികത്താവളം. ഇവിടേക്ക് 30ഓളം റഷ്യന്‍ ക്രൂസ് മിസൈലുകള്‍ പതിച്ചെന്നും മരിച്ചവരില്‍ സാധാരണക്കാരുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, യുക്രെയിനില്‍ നിന്ന് പാലായനം ചെയ്തവരുടെ എണ്ണം 27 ലക്ഷത്തോട് അടുത്തെന്ന് യു.എന്‍ അറിയിച്ചു. 2,698,280 പേരാണ് ഇതുവരെ യുക്രെയിനില്‍ നിന്ന് രക്ഷപ്പെട്ടത്.