വാഷിങ്ടന്‍: ആഗോളതലത്തില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചത് 1,77,000 ത്തിലധികം പേര്‍. പുതിയതായി 7,062 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,77,459 ആയി. ലോകത്താകെ രോഗബാധിതര്‍ 25,55,745 ആയി. യുഎസില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷം കടന്നു. 8,18,744 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട യുഎസില്‍ മരണം 45,318 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 2804 പേരാണ് ഇവിടെ മരിച്ചത്.
രോഗബാധിതരുടെ എണ്ണത്തില്‍ യുഎസിന് പിന്നിലായി നില്‍ക്കുന്ന സ്‌പെയിനില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,04,178 ആണ്. ഇവിടെ 430 പേര്‍ക്ക് ഇന്നലെ മാത്രം ജീവന്‍ ന്ഷടമായതോടെ ആകെ മരണസംഖ്യ 21,282 ആയി. ഇറ്റലിയില്‍ 1,83,957 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മരണം 24,600 കടന്നു. ഫ്രാന്‍സിലും മരണസംഖ്യ 20,000 കടന്നു. ഈ രണ്ടു രാജ്യങ്ങളിലും 24 മണിക്കൂറിനിടെ 500ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.