സൗദിയില്‍ നാല് കോടിയിലേറെ വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു

റിയാദ്: രാജ്യത്തെ 587 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 4.15 കോടിയിലേറെ വാക്സിന്‍ ഡോസുകള്‍ ഇതിനകം വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യയില്‍ 2.32 കോടി ആളുകള്‍ക്ക് ആദ്യ ഡോസും (70 ശതമാനം) 1.82 കോടി പേര്‍ക്ക് (55 ശതമാനം) രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു. ഒക്ടോബര്‍ മാസത്തോടെ രാജ്യത്തെ 70 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വിതരണം ചെയ്ത് സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ പ്രതിദിനം ശരാശരി 3.65 ലക്ഷം പേര്‍ക്ക് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നുണ്ട്. രാജ്യത്തെ വാക്സിനേഷന്‍ ക്യാംപയിന്‍ നിലവിലെ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ ഒക്ടോബറോടെ ലക്ഷ്യം കൈവരിക്കുക പ്രയാസകരമാവില്ലെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

അതേസമയം, രാജ്യത്തെ 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി.

ഗുരുതരമായ രോഗങ്ങളുള്ളവരും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവരും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ കൊടുക്കുന്ന കാര്യത്തിലും മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

 

Top