ഗാസയിലെ വീടുകള്‍ ഉപേക്ഷിച്ച് 430,000ത്തിലേറെ പേര്‍ അഭയാര്‍ഥികളായി; യു.എന്‍ റിപ്പോര്‍ട്ട്

ജനീവ: ഇസ്രയേല്‍ ഗാസ ആക്രമിച്ചതിനെ തുടര്‍ന്ന് പലായനംചെയ്തവരുടെ കണക്ക് ഐക്യരാഷ്ടസംഘടന പുറത്തുവിട്ടു. 430,000ത്തിലേറെ പേര്‍ ഗാസയിലെ വീടുകള്‍ ഉപേക്ഷിച്ച് അഭയാര്‍ഥികളായതായാണ് യു.എന്‍ ഓഫീസര്‍ ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സിന്റെ (ഒ.സി.എച്ച്.എ) കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആള്‍ത്താമസമുള്ള പല കെട്ടിടങ്ങള്‍ക്ക് നേരേയും ആക്രമണം നടന്നു. കരയില്‍നിന്നും കടലില്‍നിന്നും ആകാശത്തുനിന്നും ഇസ്രയേല്‍ ഇടതടവില്ലാതെ ബോംബ് ആക്രമണം തുടരുകയാണെന്ന് ഒ.സി.എച്ച്.എ. പ്രസ്താവനയില്‍ പറയുന്നു. പലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കാനായി യു.എന്‍. റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഏര്‍പ്പെടുത്തിയ സ്‌കൂളുകളില്‍ 270,000ലേറെ പേര്‍ അഭയം തേടി. 270,000 ത്തിലേറെ പേര്‍ പലസ്തീന്‍ ഭരണകൂടം നടത്തുന്ന സ്‌കൂളുകളിലേക്കും മാറിയിട്ടുണ്ട്. 153,000 പേരാണ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മറ്റ് പൊതു ദുരിതാശ്വാസസൗകര്യങ്ങളിലേക്കും മാറിയത്.

752 കെട്ടിടങ്ങളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്. ഇതില്‍ 2,835 ഹൗസിങ് യൂണിറ്റുകള്‍ തകര്‍ക്കപ്പെട്ടുവെന്ന് ഗാസ പബ്ലിക് വര്‍ക്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടി ഒ.സി.എച്ച്.എ വ്യക്തമാക്കി. 1,800 ലേറെ വാസസ്ഥലങ്ങള്‍ പൂര്‍വ്വസ്ഥിതിയാലാക്കാന്‍ കഴിയാത്തവിധം കേടുപാടുകള്‍പറ്റി. യു.എന്‍.ആര്‍.ഡബ്ല്യൂ.എ നടത്തുന്ന 20 സ്‌കൂളുകളും പലസ്തീന്‍ അധികൃതര്‍ നടത്തുന്ന 70 സ്‌കൂളുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. 11 മുസ്ലിം പള്ളികള്‍ തകര്‍ക്കപ്പെടുകയും ഏഴ് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുയും ചെയ്തു. ആറു കിണറുകളും മൂന്ന് പമ്പിങ് സ്റ്റേഷനുകളും ഒരു ജലസംഭരണിയും മറ്റൊരു ശുദ്ധീകരണ പ്ലാന്റിനും നാശനഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടുന്നു.

11 ലക്ഷംപേരോട് വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ ഗാസയിലേക്ക് ഒഴിഞ്ഞുപോവാന്‍ ഇസ്രയേല്‍ നല്‍കിയ നിര്‍ദേശം പിന്‍വലിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. അത്തരമൊരു നിര്‍ദേശം, നിലവില്‍ ദുരന്തമായിരിക്കുന്ന സാഹചര്യത്തെ കൂടുതല്‍ മോശമാക്കുകയേ ഉള്ളൂവെന്ന് യു.എന്‍. സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡ്യുജാര്‍ക്ക് ആവശ്യപ്പെട്ടു.

Top