കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ മൊഴികൾ പകുതിയിലേറെയും കള്ളമാണെന്നു ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) പ്രാഥമിക നിഗമനം. ചോദ്യംചെയ്യലിൽ കേരളാ പൊലീസ് നേരിട്ട ഭാഷാ പ്രശ്നം പരിഹരിക്കാൻ എൻഐഎ ഡൽഹി സ്വദേശികളായ ചോദ്യം ചെയ്യൽ വിദഗ്ധരുടെ സേവനവും തേടി.
ഡൽഹി ഷഹീൻബാഗ് സ്വദേശിയാണെങ്കിലും ഷാറുഖ് സെയ്ഫിയുടെ സംസാര ശൈലി ഉത്തർപ്രദേശിലേതാണ്. ഷാറുഖിന്റെ കഴിഞ്ഞ 10 വർഷത്തെ ജീവിതം, പഠനം, തൊഴിൽ എന്നിവ സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേരളം ലക്ഷ്യമിട്ടു ഷഹീൻബാഗിൽ നിന്നു പുറപ്പെട്ട ഷാറുഖിന്റെ യാത്രാവഴികളും ഇടയ്ക്കു ബന്ധപ്പെട്ടവരെയും വിശദമായി പരിശോധിക്കുന്നുണ്ട്.
ഇത്തരം കുറ്റകൃത്യം സ്വന്തം നിലയിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ശേഷിയുള്ളയാളല്ല ഷാറുഖ്. കേരളത്തിലുള്ള ഒന്നോ രണ്ടോ പേരുടെയെങ്കിലും പ്രേരണയും സഹകരണവും ലഭിക്കാതെ കുറ്റകൃത്യം ഷാറുഖിനു നടപ്പാക്കാനാകില്ലെന്നാണു നിഗമനം.
തീവയ്പു നടത്തിയ ഏപ്രിൽ 2നു മുൻപും ഒരുദിവസം ഷാറുഖ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ഇതേ ലക്ഷ്യത്തോടെ സഞ്ചരിച്ചിട്ടുണ്ടെന്നും എൻഐഎ കരുതുന്നു. തീവയ്ക്കാൻ ഈ ട്രെയിനിലെ ഡി1 കോച്ച് തന്നെ തിരഞ്ഞെടുക്കാനുള്ള കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ വിഡിയോകൾ ഷാറുഖ് ആവർത്തിച്ചു കണ്ടിരുന്നതാണു പ്രതി തീവ്രചിന്താഗതിക്കാരനാണെന്നു പറയാൻ കേരളാ പൊലീസിനെ പ്രേരിപ്പിച്ചത്. എന്നാൽ ഇതിനപ്പുറം എന്തെങ്കിലും ബന്ധം ഷാറുഖിനു തീവ്രസ്വഭാവമുള്ള സംഘടനകളുമായുണ്ടോയെന്നു കണ്ടെത്തണം. ആക്രമണത്തെ തുടർന്ന് അതേ ട്രെയിനിലെ യാത്രക്കാരായ 3 പേരുടെ മൃതദേഹം പാളത്തിൽ കണ്ടെത്തിയതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഷാറുഖ് സെയ്ഫിയെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനു ശേഷം സമർപ്പിക്കുന്ന റിമാൻഡ് റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.