തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്തത് 1.6 ലക്ഷം വിദേശ മലയാളികള്‍. യുഎഇയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11 മണിവരെ വരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 1,65,630 ആണ്. ഇവരില്‍ 65,608 പേരും യുഎഇയില്‍നിന്നാണ്. സൗദിയില്‍നിന്ന് 20,755 പേരും ഖത്തറില്‍നിന്ന് 18,397 പേരും കുവൈറ്റില്‍നിന്ന് 9626പേരും ഒമാന്‍നില്‍നിന്ന് 7286 പേരും ,ബഹറിനില്‍നിന്ന് 3451 പേരും , മാലദ്വീപില്‍നിന്ന് 1100 പേരും , യു.കെയില്‍നിന്ന് 1342പേരും റഷ്യയില്‍നിന്ന് 563പേരും യുക്രൈനില്‍നിന്ന് 550 പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതിന് പരിഗണന ലഭിക്കില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിട്ടുണ്ട്. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ചികിത്സാര്‍ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടിക്രമങ്ങള്‍. കോവിഡ് 19 പരിശോധനയില്‍ നെഗറ്റിവാകുന്നവര്‍ക്ക് മാത്രമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കൂ. നാട്ടിലെത്തായാലും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിരീക്ഷണത്തില്‍ കഴിയേണ്ടതായി വരും. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.