സാധാരണക്കാര്‍ക്ക് പദ്മ പുരസ്‌കാരങ്ങളോട് ബഹുമാനം വര്‍ധിച്ചു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാധാരണ ജനങ്ങള്‍ക്ക് പദ്മ പുരസ്‌കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത് എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് മോദി അഭിപ്രായപ്പെട്ടത്. പരിപാടിയില്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.

എല്ലാവര്‍ഷത്തെയും പോലെ കഴിഞ്ഞദിവസം വൈകീട്ട് പദ്മ പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് അര്‍ഹരമായവരെ കുറിച്ച് വായിച്ചു മനസ്സിലാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. അവരുടെ സംഭാവനകളെ കുറിച്ച് നിങ്ങളുടെ കുടുംബവുമായി ചര്‍ച്ച ചെയ്യൂ.

46,000 അപേക്ഷകളാണ് 2020 ലെ പദ്മ പുരസ്‌കാരത്തിനായി ലഭിച്ചത്. 2014 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 20 ഇരട്ടി വര്‍ധനവാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പദ്മ പുരസ്‌കാരങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള വിശ്വാസമാണ് കാണിക്കുന്നത്.

ഇന്ന് പദ്മ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഓണ്‍ലൈന്‍ മുഖാന്തിരമാണ്. ആദ്യകാലത്ത് തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ജനങ്ങളാണ് നിര്‍ദേശിക്കുന്നത്. ഒരു പുതിയ വിശ്വാസവും ബഹുമാനവും രാജ്യത്തെ പദ്മ പുരസ്‌കാരത്തോട് ഉണ്ടായിരിക്കുന്നു. പരിമിതമായ സാഹചര്യങ്ങളിലും കഠിനാധ്വാനത്തിലൂടെ ഇന്നത്തെ നിലയിലെത്തിയവരാണ് ഓരോ പുരസ്‌കാര ജേതാവെന്ന് അദ്ദേഹം പറഞ്ഞു.

Top