നിലമ്പൂര്‍: ബോംബുകളും മൈനുകളും നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കുന്ന കാട്ടിനുള്ളിലെ മാവോയിസ്റ്റ് ക്യാമ്പിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
പെട്രോള്‍ ബോംബും ഉഗ്ര ശേഷിയുള്ള ലാന്റ് മൈനുകള്‍ റിമോട്ട് കണ്‍ട്രോളര്‍ വഴി പ്രവര്‍ത്തിപ്പിക്കുന്ന ബോംബുകളും നിര്‍മ്മിക്കുന്നതില്‍ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
സി.പി.ഐ മാവോയിസ്റ്റിന്റെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി സായുധ സേനാംഗങ്ങള്‍ക്കായി ഉള്‍വനത്തിലാണ് ക്യാമ്പ് നടത്തുന്നത്. സൈനിക രീതിയില്‍ മാപ്പ് ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനുള്ള പരിശീലന ക്ലാസും നല്‍കുന്നുണ്ട്.
എ.കെ 47 അടക്കമുള്ള തോക്കുകളേന്തി സ്ത്രീകളടക്കം അമ്പതോളം പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ടാര്‍പോളിന്റെ ഷീറ്റിനടിയില്‍ മാവോയിസ്റ്റുകള്‍ വിശ്രമിക്കുന്നതും തോക്കേന്തിയ സംഘാംഗങ്ങള്‍ ക്യാമ്പിനു ചുറ്റും കാവല്‍ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്യാമ്പ് നടത്തിയ വനമേഖല കേരളത്തിനു പുറത്താണെന്നാണ് കരുതുന്നത്.
നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ടു മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവിലാണ് ഈ ദൃശ്യങ്ങളുള്ളത്.
അടുത്തിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ച സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേതിലെങ്കിലും നടത്തിയ ക്യാമ്പിന്റെ ദൃശ്യങ്ങളായിരിക്കാം ഇതെന്ന നിഗമനത്തിലാണ് പോലീസ്.
ആയുധ നിര്‍മ്മാണത്തിലടക്കം പോലീസിനെ വെല്ലുന്ന പരിശീലനമാണ് മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തെ ക്യാമ്പില്‍ നിന്നും ലഭിച്ച രേഖകളില്‍ അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടകവസ്തു നിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായുള്ള വിവരവും ലഭിച്ചിരുന്നു.
ലാന്റ് മൈന്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നതും ഗറില്ലാ പോരാട്ടരീതികള്‍ പരിശീലിക്കുന്നതുമായ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ദൃശ്യങ്ങളിലെ സംഭാഷണങ്ങള്‍ മനസിലാക്കി ക്യാമ്പ് നടത്തിയ സ്ഥലവും ലക്ഷ്യവും മനസിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേന്ദ്ര ഏജന്‍സികള്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
(ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക)