മാഞ്ചസ്റ്റര്‍ കൈവിട്ട മൊറീന്യോ റയലിലേക്കോ; സാധ്യതകള്‍ ഇങ്ങനെ

ലണ്ടന്‍: നിരന്തര തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയ പരിശീലകന്‍ ജോസ് മൊറീന്യോ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിലിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. റയല്‍ പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസ് ഇക്കാര്യത്തില്‍ താല്‍പര്യമറിയിച്ചെന്നാണ് വാര്‍ത്ത. റയലിന്റെ മുന്‍ പരിശീലകന്‍ കൂടിയാണ് മൊറീന്യോ.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോയതോടെ കളികളില്‍ റയലിന് ആധിപത്യം പുലര്‍ത്താനായിട്ടില്ല. 16 മത്സരം പൂര്‍ത്തിയായപ്പോള്‍ അഞ്ച് തോല്‍വി വഴങ്ങിയ റയലിന് 29 പോയിന്റാണ് ആകെ ഉള്ളത്. സ്പാനിഷ് ലീഗില്‍ നാലാമതാണ് റയല്‍. 2013ലാണ് മൊറീന്യോ റയല്‍ വിട്ട് ചെല്‍സിയിലെത്തിയത്. 2015ല്‍ കാര്‍ലോ ആന്‍സെലോട്ടിയെ പുറത്താക്കിയ ശേഷം പെരെസ് ആദ്യം ചിന്തിച്ചത് മൊറീന്യോയെ കുറിച്ചാണ്. പക്ഷേ അപ്പോഴൊന്നും അദ്ദേഹത്തെ ക്ലബിലേക്കെത്തിക്കാന്‍ റയലിന് ആയില്ല.

മാഞ്ചസ്റ്റര്‍ തന്നെ ഒഴിവാക്കിയെങ്കിലും അവിടെ നിന്ന് പരാജയം സമ്മതിച്ച് കരിയര്‍ അവസാനിപ്പിക്കാന്‍ താന്‍ തയ്യാറല്ല എന്ന് മൊറീന്യോ പറഞ്ഞിരുന്നു. ആ അധ്യായം അവസാനിച്ചു. അത് തുറക്കാന്‍ ഇല്ല. അത് എന്റെ ശൈലിയല്ല, എന്നെ ഒഴിവാക്കിയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ക്ലബ് വിട്ടശേഷം സംഭവിച്ചതെല്ലാം വിളിച്ചുപറയുന്ന രീതി എനിക്കില്ല. ഞാനില്ലെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഭാവിയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇല്ലെങ്കിലും എനിക്കും ഭാവിയുണ്ട്.’ എന്നാണ് പുറത്താക്കലിന് ശേഷം മൊറീന്യോ പറഞ്ഞ വാക്കുകള്‍.

ഏതായാലും മൊറീന്യോയെ തന്റെ പഴയതട്ടകത്തിലേക്ക് റയല്‍ വീണ്ടും ക്ഷണിക്കും എന്ന വാര്‍ത്തയാണിപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച അങ്ങനെ തിരിച്ചെത്തപ്പെടുകയാണെങ്കില്‍ മൊറീന്യോയ്ക്ക് വലിയൊരു വെല്ലുവിളി തന്നെയാകും ആ സ്ഥാനം എന്നാണ് പൊതുവേ വിലയിരുത്തുന്നത്.

Top