ടാന്‍ഗൈര്‍(മൊറോക്കോ): ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യമത്സരത്തിൽ ബ്രസീലിന് തോൽവി. ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രസീലിനെ തോൽപിച്ചു. കളിയുടെ തുടക്കത്തിൽ വിനിഷ്യസ് ജൂനിയർ ഗോൾ നേടിയെങ്കിലും വാറിലൂടെ നിഷേധിക്കപ്പെട്ടു. ഇരുപത്തിയൊമ്പതാം മിനിറ്റൽ സോഫിയാൻ ബൗഫൽ, എഴുപത്തിയൊന്പതാം മിനിറ്റിൽ അബ്ദുൽ ഹമീദ് സബീരി എന്നിവരാണ് മൊറോക്കോയുടെ ഗോളുകൾ നേടിയത്.
അറുപത്തിയേഴാം മിനിറ്റിൽ ക്യാപ്റ്റൻ കാസിമീറോയുടെ വകയായിരുന്നു ബ്രസീലിന്റെ ആശ്വാസ ഗോൾ. ബ്രസീലിനെതിരെ മൊറോക്കോയുടെ ആദ്യ ജയമാണിത്. ഇതോടെ ബ്രസീലിനെ തോൽപിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ ടീമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ കാമറൂണും ബ്രസീലിനെ തോൽപിച്ചിരുന്നു. ലോകകപ്പിലെ മിന്നും പ്രകടനത്തിനുശേഷം ആദ്യമായാണ് മൊറോക്കോ മത്സരത്തിനിറങ്ങിയത്.
മൊറോക്കോയിലെ ടാന്‍ഗൈറിലെ ബതൗത സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 65000 കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു മൊറോക്കോ ചരിത്രനേട്ടം സ്വന്തമാക്കിയത്. മൊറോക്കന്‍ താരങ്ങളുടെ കടുത്ത പ്രതിരോധം മത്സരത്തില്‍ പലപ്പോഴും ബ്രസീല്‍ താരങ്ങളുടെ പ്രതിഷേധത്തിനും ഇടയാക്കി. പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ബ്രസീലായിരുന്നെങ്കിലും കൗണ്ടര്‍ അറ്റാക്കുകകളിലൂടെയായിരുന്നു മൊറോക്കോ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചത്.
മത്സരത്തില്‍ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബൗനുവിന്റെ ഭീമാബദ്ധം ബ്രസീലിന് ഗോള്‍ സമ്മാനിക്കേണ്ടതായിരുന്നു. 22-ാം മിനിറ്റില്‍ ബൗനുവിന്റെ കാല്‍കൊണ്ടുള്ള അടി പിഴച്ചപ്പോള്‍ പന്ത് ലഭിച്ച ബ്രസീല്‍ താരം റോണിക്ക് അത് ഒഴിഞ്ഞ വലയില്‍ എത്തിക്കാനായില്ല. റോണിയുടെ ഷോട്ട് പ്രതിരോധനിരതാരം തടുത്തിട്ടപ്പോള്‍ റീബൗണ്ടില്‍ ലഭിച്ച ഷോട്ട് വിനീഷ്യസ് ജൂനിയറിനും ഗോളാക്കാനായില്ല.
ഒരു മിനിറ്റിനകം ബൗനു വീണ്ടും അബദ്ധം ആവര്‍ത്തിച്ചു. ഇത്തവണ പന്ത് നല്‍കിയത് വിനീഷ്യസിനായിരുന്നു. എന്നാല്‍ വിനീഷ്യസ് അത് ഗോളാക്കിയെങ്കിലും വാറിലൂടെ വിനീഷ്യസിന്റെ ഗോള്‍ ഓഫ് സൈഡാണെന്ന് റഫറി വിധിക്കുകയായിരുന്നു. 67ാം മിനിറ്റില്‍ കാസിമീറോയിലൂടെ ബ്രസീല്‍ നേടിയ ഗോളും ബൗനുവിന്റെ അബദ്ധത്തില്‍ നിന്നായിരുന്നു. കാസിമീറോ തൊടുത്ത ദുര്‍ബല ഷോട്ട് അനായാസം കൈയിലൊതുക്കാമായിരുന്നിട്ടും ബൗനുവിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് ചോര്‍ന്ന് വലയിലെത്തുകയായിരുന്നു.