ധാക്ക: ബംഗ്ലാദേശില്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകനും നിലവിലെ പാര്‍ലമെന്റ് അംഗവുമായ മഷ്റഫെ മൊര്‍താസ. രാജ്യത്തു നടക്കുന്ന വര്‍ഗീയ ലഹളയ്ക്കിടയില്‍ കത്തിയമരുന്ന ഒരു ഗ്രാമത്തിന്റെ ചിത്രം പങ്കുവച്ച് ‘എന്റെ ഹൃദയം തകരുന്നു’ എന്ന കുറിപ്പോടെയാണ് മൊര്‍താസ ട്വീറ്റ് ചെയ്തത്. ബംഗ്ലാദേശിന്റെ മൊത്തം പരാജയമാണിതെന്നും താരം ട്വീറ്റ് ചെയ്തു. ട്വന്റി 20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ സ്‌കോട്ട്ലന്‍ഡിനോട് ബംഗ്ലാദേശ് ടീം തോറ്റതു കൂടി പരാമര്‍ശിച്ചായിരുന്നു ഇത്. ”രണ്ട് തോല്‍വികളാണ് നമ്മള്‍ ഇന്നലെ(ഞായറാഴ്ച) കണ്ടത്. ഒന്ന് ബംഗ്ലാദേശ് ടീമിന്റെ. മറ്റൊന്നു രാജ്യത്തിന്റെ ആകെയാണ്. വേദനാജനകമാണത്. എന്റെ ഹൃദയം തകരുന്നു. ഈ ബംഗ്ലാദേശിനെയല്ല നമുക്ക് ആവശ്യം. അല്ലാഹു നമുക്ക് യഥാര്‍ത്ഥ വഴി കാണിച്ചുതരട്ടെ”- മൊര്‍താസ ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് രാജ്യത്ത് മുസ്ലിം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ ദുര്‍ഗാ പൂജ നടത്തിയ വേദികളിലേക്കും രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. അക്രമം രാജ്യത്ത് അങ്ങിങ്ങായി കത്തിപ്പടരുകയും ചെയ്തു. രാജ്യത്തെ രംഗ്പൂര്‍ നഗരത്തില്‍ ന്യൂനപക്ഷങ്ങളുടെ 20 വീടുകള്‍ ആക്രമികള്‍ കത്തിച്ചു. മുസ്ലിം വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു ഹിന്ദു യുവാവ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടെന്ന പ്രചരണത്തിനു പിന്നാലെയാണ് ഈ നഗരത്തില്‍ ആക്രമണം നടന്നത്. പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ പ്രകോപിതരായ അക്രമികള്‍ അയല്‍ക്കാരുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ സമാനമായ അക്രമങ്ങള്‍ തുടരെ നടന്നു വരികയാണ്. രാജ്യത്തെ മതസാഹോദര്യം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസമന്‍ ഖാന്‍ പ്രതികരിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ എല്ലാ തരത്തിലും സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.