മോസ്‌കോ: തനിയ്‌ക്കെതിരെ കൊലപാതക ശ്രമം നടത്തിയതായി റഷ്യന്‍ ഏജന്റ് കുറ്റസമ്മതം നടത്തിയെന്ന് റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി. തന്റെ അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചിരുന്നതായും അലക്‌സി ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിലെ (എഫ്എസ്ബി) കോണ്‍സ്റ്റാറ്റിന്‍ കുര്‍ദിയാസ്റ്റേവ് എന്ന കെമിക്കല്‍ ആയുധ വിദഗ്ദ്ധനില്‍ നിന്നാണ് തനിയ്ക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച എഫ്എസ്ബി നവാല്‍നിയുടെ ആരോപണം നിഷേധിച്ചെത്തിയതിന് പിന്നാലെയാണ് നവാല്‍നിയുടെ കുറിപ്പ് പുറത്തു വന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഫോണ്‍ സംഭാഷണം നടത്തുന്നതിന്റെ വീഡിയോയും നവാല്‍നി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
‘വിമാനത്തില്‍വെച്ച് നവാല്‍നി ബോധരഹിതനായതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് നടത്തുമെന്ന് താനുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നില്ല. വിമാനം തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ നവാല്‍നി രക്ഷപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു’. സംഭാഷണത്തിനിടെ കുര്‍ദിയാസ്റ്റേവ് നവാല്‍നിയോട് വെളിപ്പെടുത്തി.
സൈബീരിയന്‍ പട്ടണമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ചാണ് നവാല്‍നി കുഴഞ്ഞുവീണത്. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലായി. അതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോമയിലായ അലക്സിയെ വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക് മാറ്റി. ഇവിടുത്തെ ചികിത്സയിലാണ് അദ്ദേഹം രക്ഷപ്പെട്ടത്.