മോസ്‌കോ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകം ഭീതിയുടെ മുള്‍മുനയിലാണ്. ഇപ്പോഴിതാ വൈറസിനെതിരെ പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍.
വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡികോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കൊറോണ രോഗിയില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ നിന്നായിരുന്നു ജനിതക ഘടന ഡികോഡ് ചെയ്തത്.
സ്‌മോറോഡിന്‍സ്റ്റേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം ഇതിന്റെ ചിത്രങ്ങളും റഷ്യ പുറത്തുവിടുകയും ലോക ആരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഇത് പുതിയ വൈറസായതിനാല്‍ ഇതിന്റെ പരിണാമം എങ്ങനെയെന്നു മനസ്സിലാക്കുക പ്രധാനമാണെന്നും പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാന്‍ ഇതു സഹായിക്കുമെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ദിമിത്രി ലിയോസ്‌നോവ് പറഞ്ഞു. മാത്രമല്ല വൈറസ് എങ്ങനെയാണ് റഷ്യയുടെ അതിര്‍ത്തി കടന്നതെന്നു കണ്ടുപിടിക്കേണ്ടതു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസിന്റെ പരിണാമത്തെക്കുറിച്ചു പഠിക്കുന്ന ലോകത്തെ ഗവേഷകര്‍ക്കും റഷ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
അതേസമയം, ലോകത്താകമാനം കൊറോണ നിയന്ത്രണാധീതമായി വര്‍ധിക്കുകയാണ്. മരണസംഖ്യ 11,417 ആയി ഉയര്‍ന്നു. 276,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുല്‍ വൈറസ് ബാധ ഏറ്റിരിക്കുന്നത് ഇറ്റലിയിലാണ്. മരണം 4032 ആയി. രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.