വാഷിങ്ടണ്‍: അമേരിക്കയില്‍ സിക്ക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്‌ളോറിഡയിലാണ് സിക്ക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഫ്‌ളോറിഡയില്‍ നാല് പേരില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അമേരിക്കയില്‍ ആദ്യമായാണ് കൊതുകില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് വൈറസ് ബാധിത കൊതുകുകള്‍ എത്തിയിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്.
വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മൂന്ന് പുരുഷന്‍മാരിലും ഒരു സ്ത്രീയിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്. പ്രാദേശികമായി ഇത് പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ഫളോറിഡയില്‍ ഈ മാസം 19 ന് തന്നെ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി സിക വൈറസ് കണ്ടെത്തിയത്. നിരവധി ജനിതക വൈകല്യങ്ങളാണ് വൈറസ് ബാധ മൂലം നവജാത ശിശുക്കളില്‍ ഉണ്ടായത്. വൈറസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ എല്ലാ പ്രതിരോധ സന്നാഹങ്ങളും ഉപയോഗിച്ച് വൈറസിനെ ചെറുക്കാനാണ് അധികൃതരുടെ തീരുമാനം.