കൊതുക് ശല്യം സഹിച്ചായിരുന്നു ദളിത് ഭവന സന്ദര്‍ശനം: വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

anupama jayswal

ന്യൂഡല്‍ഹി: ദളിത് ഭവനങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി യുപി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്‌സ്വാള്‍ രംഗത്ത്. രാത്രി മുഴുവന്‍ കൊതുകുകടി സഹിച്ചാണ് താനുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ദളിത് ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

യുവാക്കള്‍, വനിതകള്‍, സാധാരണക്കാരായ ജനങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായാണ് യുപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തങ്ങള്‍ ദളിത് വീടുകളില്‍ താമസിച്ചു. അസഹ്യമായ കൊതുകുശല്യം സഹിച്ചായിരുന്നു താമസമെന്നും ജെയ്‌സ്വാള്‍ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് സി.പി റായി രംഗത്തെത്തി. ബിജെപിയുടെ നാടകം കാലങ്ങളായി കാണുകയാണെന്നും ദളിത് ഭവനങ്ങളില്‍ ചെന്ന് ആഹാരം കഴിക്കുന്നതിനു പകരം ദളിതകര്‍ക്ക് പോഷകസമൃദ്ധമായ ആഹാരവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടതെന്നും റായി അഭിപ്രായപ്പെട്ടു.

Top