മൊട്ടേറ സ്റ്റേഡിയത്തിലെ പിച്ചിനെ പിന്തുണച്ച് നഥാന്‍ ലിയോണ്‍

മെല്‍ബണ്‍: മൊട്ടേറ സ്റ്റേഡിയത്തിലെ പിച്ചിനെ പിന്തുണച്ച് ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അക്സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും പിങ്ക് പന്തില്‍ വിക്കറ്റ് കൊയ്ത്ത് നടത്തിയപ്പോള്‍ മൊട്ടേറയില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ രണ്ട് ദിവസം മുഴുവന്‍ വേണ്ടി വന്നില്ല ടീം ഇന്ത്യക്ക്.

നാല് ഇന്നിംഗ്സിലായി ആകെ എറിഞ്ഞത് 842 പന്തുകള്‍ മാത്രം. 1934ന് ശേഷം കളി പൂര്‍ത്തിയാക്കിയൊരു ടെസ്റ്റില്‍ ഏറ്റവും കുറച്ച് പന്തുകളെറിഞ്ഞ മത്സരം കൂടിയായിരുന്നു ഇത്. ഇതോടെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലെന്ന വലിയ വിമര്‍ശനമുയര്‍ന്നു. യുവരാജ് സിംഗ്, ആന്‍ഡ്രു സ്ട്രോസ്, അലസ്റ്റെയ്ര് കുക്ക്, മൈക്കല്‍ വോണ്‍ തുടങ്ങിയവരൊക്കെ വിമര്‍ശകരുടെ കൂട്ടത്തിലുണ്ടായിരുന്നു.

എന്നാല്‍ പിച്ചിന് യാതൊരു കഴുപ്പവുമില്ലെന്നും കാണികളെ രസിപ്പിച്ച മത്സരമാണ് മൊട്ടേറയില്‍ നടന്നതെന്നും ലിയോണ്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”പിച്ചിനെതിരെയുള്ള വിമര്‍ശനങ്ങള്‍ മനസ്സിലാവുന്നില്ല. ലോകത്തിലെ വിവിധ വേദികളില്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന വിക്കറ്റില്‍ കളിക്കുകയും ടീമുകള്‍ നാല്‍പതോ അറുപതോ റണ്‍സിന് പുറത്താവുകയും ചെയ്യാറുണ്ട്. അപ്പോഴൊന്നും ഈ വിമര്‍ശകരെ കാണാറില്ല. പിച്ച് സ്പിന്നര്‍മാരെ തുണച്ചാല്‍ ഇതിന്റെ പേരില്‍ കരയാന്‍ തുടങ്ങും.

മൊട്ടേറയിലെ ക്യൂറേറ്ററുടെ സഹായം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലും കിട്ടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.” ഓസ്ട്രേലിയക്കായി നൂറ് ടെസ്റ്റില്‍ കളിച്ചിട്ടുള്ള ലയണ്‍ പറഞ്ഞു. മൊട്ടേറയില്‍ ബാറ്റ്സ്മാനമാരുടെ പിടിപ്പുകേടിന് പിച്ചിനെ പഴിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ഇംഗ്ലണ്ടിന്റെ മുന്‍താരം കെവിന്‍ പീറ്റേഴ്സണും അഭിപ്രായപ്പെട്ടിരുന്നു.

Top