ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പട്ടിണിമൂലം അമ്മയും രണ്ട് കുട്ടികളും മരിച്ചു. വയറിളക്കമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പട്ടിണിയും പോഷകാഹാരക്കുറവുമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
എസ്.സി വിഭാഗത്തില്‍പ്പെട്ട മുസാഹാര്‍സ് സമുദായക്കാരാണ് മരിച്ച കുടുംബാംഗങ്ങള്‍. സെപ്തംബര്‍ ഏഴാം തീയതിയാണ് 30 വയസ്സുള്ള സംഗീതയും എട്ട് വയസ്സു പ്രായമുള്ള മകന്‍ സൂരജും മരിക്കുന്നത്. സംഗീതയുടെ ഭര്‍ത്താവ് വീരേന്ദ്ര കൂലിപ്പണിക്കാരനാണ്. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ആംബുലന്‍സിലാണ് അമ്മയും മകനും മരിച്ചത്.
രാവിലെ ഏഴുമണിയോടെ ഇരുവര്‍ക്കും ഛര്‍ദ്ദില്‍ ആരംഭിച്ചു. 10 മണിയോടെയാണ് ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സംഗീതയുടെ രണ്ട് മാസം പ്രായമായ മകള്‍ ഗീത അഞ്ച് ദിവസം മുന്‍പ് മരിച്ചിരുന്നു. അഞ്ച് മക്കളാണ് ഇവര്‍ക്കുള്ളത്. ഗീതയുടെ ആരോഗ്യനില പരിശോധിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്നും പോഷകാഹാരക്കുറവുണ്ടെന്നും ആരോഗ്യ കേന്ദ്രത്തിലെത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരും ഇക്കാര്യത്തില്‍ വേണ്ടത്ര നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തിങ്കളാഴ്ചയാണ് ഗീതയെ ആശുപത്രിയില്‍ എത്തിക്കുന്നത്.
ദേശീയ പോഷകാഹാര മാസമായി സെപ്തംബര്‍ ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച അവസരത്തില്‍ തന്നെയാണ് ഉത്തര്‍പ്രദേശില്‍ പട്ടിണിമരണങ്ങള്‍ നടക്കുന്നത്.
ഇതേ ഗ്രാമത്തില്‍ പാവപ്പെട്ടവരായ മറ്റാളുകളുണ്ടെന്നും അവരാരും മരിക്കുന്നില്ലെന്നും ശരിയായ ഭക്ഷണം കഴിക്കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ്‍ സിംഗ് പറഞ്ഞു.
എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റേഷന്‍കാര്‍ഡുണ്ടെങ്കിലും നാളുകളായി ജോലിയില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാറില്ലെന്ന് വീരേന്ദര്‍ തന്നെ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതെന്നും റേഷന്‍ വിതരണം ശരിയായി നടന്നിട്ടില്ലെന്നും ഗ്രാമവാസി ദിനേഷ് വെര്‍മ വെളിപ്പെടുത്തി.
ഉത്തര്‍ പ്രദേശില്‍ ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുന്‍പും സംസ്ഥാനത്ത് പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ശരിയായ രീതിയില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാറുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
റേഷന്‍ സാധനങ്ങള്‍ മറിച്ചു വിറ്റ് കോടികളുടെ അഴിമതി നടന്നതായി ഓഗസ്റ്റില്‍ യുപിയില്‍ ഒരു കേസ് നടന്നിരുന്നു. ശരിയായ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ മാറ്റി രേഖപ്പെടുത്തിയായിരുന്നു അഴിമതി. 30കോടി രൂപയുടെ സര്‍ക്കാര്‍ ധാന്യങ്ങള്‍ പുറം ചന്തയില്‍ വിറ്റെന്നായിരുന്നു കേസ്.